തമിഴകത്തിന്റെ മലയാളി പ്രേമം

0 Zebiz

 


തമിഴ്‌നാട്ടുകാരെ പോലെ മലയാളികളായ കലാകാരന്‍മാരെ ചേര്‍ത്തു നിര്‍ത്തിയ ഒരിടം മറ്റെവിടെയെങ്കിലുമുണ്ടോയെന്ന് ഉറപ്പില്ല. എത്രയോ വര്‍ഷങ്ങളായി അവര്‍ നമ്മുടെ ചലച്ചിത്രകലാകാരന്‍മാരെ പരിധികളില്ലാതെ അംഗീകരിക്കുന്നു. സ്വന്തമെന്ന പോലെ ഒപ്പം കൊണ്ടുനടക്കുന്നു. അതിന്റെ ചരിത്രവഴികള്‍ തിരയുമ്പോള്‍ ആദ്യം തെളിയുന്ന ചിത്രം തമിഴ് സൂപ്പര്‍താരവും അനവധി തവണ തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന സാക്ഷാല്‍ എം.ജി.ആറിന്റേതാണ്. കേരളത്തിലെ പാലക്കാട് സ്വദേശിയായ എം.ജി.ആറിനോളം തമിഴ് ജനതയുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച മറ്റൊരു വ്യക്തിയുണ്ടായിട്ടില്ല. പിന്നീട് രജനികാന്തിന് സമശീര്‍ഷനായി വളര്‍ന്ന സാക്ഷാല്‍ തലൈ അജിത്തിന്റെ കുടുംബവേരുകള്‍ കോഴിക്കോട്ടാണെന്നതും തമിഴ് ജനതയ്ക്കിടയിലെ അദ്ദേഹത്തിന്റെ സ്വീകാര്യതയ്ക്ക് തടസ്സമായില്ല.മലയാളത്തില്‍ തുടങ്ങിയ നടന്‍ റഹ്‌മാനെ പിന്നീട് മലയാള സിനിമ പാര്‍ശ്വവത്കരിച്ചപ്പോള്‍ കെ.ബാലചന്ദര്‍ അടക്കമുളള പ്രമുഖര്‍ അദ്ദേഹത്തെ ഏറ്റെടുത്ത് വന്‍ഹിറ്റുകളുണ്ടാക്കി. ജയറാമിനും തമിഴ്‌നാട് ഈ തരത്തില്‍ കൈകൊടുത്തു.


എംജിആർ

എന്നാല്‍ ഈ ഔദാര്യം കേരളം തമിഴിനോട് കാണിച്ചുവോ എന്ന് ചോദിച്ചാല്‍ പരിമിതമായി എന്ന് മാത്രമേ പറയാന്‍ സാധിക്കൂ. തമിഴനായ കമലഹാസന്‍ ആദ്യമായി നായകനാകുന്നത് ‘കന്യാകുമാരി’ എന്ന മലയാള സിനിമയിലാണ്. പിന്നീട് നിരവധി മലയാള ചിത്രങ്ങളിലൂടെ അദ്ദേഹം നായകന്‍ എന്ന നിലയില്‍ ചുവടുറപ്പിച്ചശേഷമാണ് തമിഴിന്റെ ഉലകനായകനായി മാറുന്നത്. അതുപോലെ തമിഴ്‌നാട് സ്വദേശിയായ ശ്രീവിദ്യ ഒരു യഥാർഥ മലയാളിയേക്കാള്‍ മനോഹരമായി മലയാള ഭാഷ പറഞ്ഞ് സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്ത് ചരിത്രം സൃഷ്ടിച്ച നടിയാണ്. സ്വന്തം നാട്ടില്‍ ലഭിച്ചതിനേക്കാള്‍ പതിന്‍മടങ്ങ് ശ്രദ്ധേയമായ വേഷങ്ങള്‍ അവര്‍ക്ക് ലഭിച്ചത് മലയാളത്തിലാണ്. ഒരു മലയാളിയെ എന്ന പോലെ നമ്മുടെ നാട് അവരെ ഉള്‍ക്കൊളളുകയും ചെയ്തു. ‘എന്റെ സുര്യപൂത്രിക്ക്’, ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, ‘ആദാമിന്റെ വാരിയെല്ല്’ തുടങ്ങി എത്രയെത്ര സിനിമകള്‍! മരണം വരെ അവര്‍ കേരളക്കരയോട് ചേര്‍ന്നു നിന്നു. അവസാന നാളുകള്‍ പോലും തിരുവന്തപുരത്തെ വസതിയിലായിരുന്നു.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.